അധികാരം ജനങ്ങളിലേക്ക്
അധികാര വികേന്ദ്രീകരണം അഥവാ അധികാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് രാജ്, നഗരപാലികാ സംവിധാനങ്ങള്‍ക്ക് രാജ്യം രൂപം നല്‍കിയത്. പ്രാദേശിക ഭരണത്തില്‍ ഓരോ പൗരനും പങ്കാളിയാകുമ്പോള്‍ (പങ്കാളിത്ത ജനാധിപത്യം) മാത്രമേ പ്രാദേശിക ഭരണകൂടം സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമായി തീരുകയുള്ളൂ എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനായി വിപുലമായ അധികാരങ്ങളോടെ ഗ്രാമസഭകള്‍ക്കും വാര്‍ഡ് സഭകള്‍ക്കും നാം രൂപം നല്‍കി. പക്ഷേ, ആത്യന്തികമായി എന്താണ് സംഭവിച്ചത്?
അധികാരങ്ങളും അവകാശങ്ങളും വാര്‍ഡ് മെംബര്‍ / കൌണ്‍സിലറിലും അവരുടെ പാര്‍ട്ടിക്കാരിലുമായി മാത്രം ചുരുങ്ങി. ഗ്രാമ / വാര്‍ഡ് സഭകള്‍ അട്ടിമറിക്കപ്പെട്ടു. ഗുണഭോക്തൃ പട്ടിക അതാത് പാര്‍ട്ടി നേതാക്കള്‍ വീട്ടിലിരുന്ന് തയ്യാറാക്കും. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഓരോ പദ്ധതിയുടെ ആനുകൂല്യങ്ങളും ചുരുക്കം ചില ആളുകളിലേക്ക് മാത്രമായി ചുരുങ്ങി. പാവപ്പെട്ടവന്റെ അവകാശം മെമ്പറുടെ ഔദാര്യമാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതില്ലേ എന്ന് നമ്മള്‍ ഓരോരുത്തരം ചിന്തിക്കണം.
ഏതൊരു പദ്ധതിയും കമ്മീഷന്‍ കിട്ടുന്ന ഏര്‍പ്പാടായി മാറി. പല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും ഭരണം കരാറുകാര്‍ ഏറ്റെടുത്തു. അനധികൃത നിര്‍മ്മാണങ്ങള്‍ക്കും അനധികൃത ഖനനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും കൂട്ട് നില്‍ക്കുക വഴി കൌണ്‍സിലര്‍മാര്‍ ലക്ഷങ്ങള്‍ സ്വന്തമാക്കി. എതിര്‍ക്കുന്നവനെ ഒറ്റപ്പെടുത്തി ആക്രമിച്ചു.
എന്താണിതിനൊക്കെ പരിഹാരം? ജനകീയ കൂട്ടായ്മകള്‍ രൂപം കൊണ്ട് പൊതുസമ്മതരായ കാര്യപ്രാപ്തിയുള്ള വ്യക്തികള്‍ ഈ വരുന്ന തദ്ദേശ സ്വയംഭരണ ഇലക്ഷനില്‍ മത്സരിച്ചാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം വരികയുള്ളൂ. ഇപ്പോള്‍ ആസൂത്രണം ചെയ്‌താല്‍ ഉറപ്പായും നമുക്കത് നേടാനാകും. കോട്ടയത്തും അതുപോലെ മറ്റ് പല സ്ഥലങ്ങളിലും ആരംഭിച്ച ഈ ആശയം വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്.
ഒരു പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ വിചാരിച്ചാല്‍ ആ നാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് കൊണ്ട് തന്നെയാണല്ലോ അവയെ പ്രാദേശിക ഭരണകൂടം എന്ന് വിളിക്കുന്നത്. അതേ, നമുക്ക് മാറി ചിന്തിക്കാന്‍ സമയമായി, ഇനി ജനങ്ങളുടെ ഊഴമാണ്.
- തയ്യാറാക്കിയിരിക്കുന്നത്:
ടീം 20-20 കോട്ടയം.

Comments
Post a Comment